
ക്ഷേത്ര ചരിത്രം
ഐതീഹ്യം
ശിവപുരാണത്തിലെ ദക്ഷയാഗവും ദക്ഷനിഗ്രഹവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. ശിവപത്നിയായ സതി, പിതാവ് ദക്ഷന് നടത്തുന്നയാഗത്തില് ക്ഷണമില്ലാതെ സന്നിഹിതയാവുകയും ദക്ഷന് വിശിഷ്ട അതിഥികളുടെ മുന്നില്‍വച്ച് ശിവനെ ആക്ഷേപിക്കുകയും ചെയ്യുന്നു . ഇതില്‍ മനംനൊന്ത സതി യാഗാഗ്നിയില്‍ ആത്മഹൂതി ചെയ്തു . ഈ വാര്‍ത്തയറിഞ്ഞ് ക്രൂദ്ധനായ ശിവന് താണ്ഡവമാടി ജടപിഴുതു നിലത്തടിക്കാന്‍ തുടങ്ങി . ഈ ജടയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഉഗ്രമൂര്‍ത്തികളായ വീരഭദ്രസ്വാമിയും ഭദ്രകാളിദേവിയും ചേര്‍ന്ന് ദക്ഷയാഗം മുടക്കി ദക്ഷനെ നിഗ്രഹിച്ചു . ശിവന്റെ ജട എട്ട് മുടികളായി പിരിയുകയും താത്ഫലമായി അഷ്ടമുടിക്കായല്‍ രൂപംകൊള്ളുകയും ചെയ്തുവെന്നാണ് വിശ്വാസം . ദക്ഷനിഗ്രഹത്തിനുശേഷം വീരഭദ്രസ്വാമി അഷ്ടമുടിക്കായലില്‍ മുങ്ങിക്കുളിക്കുകയും മണലില്‍ കിടന്നു ഉരുളുകയും ചെയ്തു .ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ഉരുള്‍നേര്‍ച്ച നടത്തുന്നത് . ഉദ്ദിഷ്ടകാര്യ ലബ്ധിക്കും സര്‍വ്വൈശ്വര്യ സിദ്ധിക്കും നാല്ക്കാലികളുടെ രോഗശമനത്തിനും വേണ്ടി ജാതിമതഭേദമന്യേ ഭക്തലക്ഷങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ അഷ്ടമുടിക്കായലില്‍ മുങ്ങിക്കുളിച്ചു ഈറനോടെ വീരഭദ്രമന്ത്രങ്ങള് ജപിച്ചുകൊണ്ട് ക്ഷേത്രത്തിനു ചുറ്റും ശയനപ്രദക്ഷിണം നടത്തി സായൂജ്യമടയുന്നു .
പ്രത്യേകതകള്‍
പുഴയും കായലും കടലും സംഗമിക്കുന്ന സംസ്ഥാനത്തെ ഏക ത്രിവേണിസംഗമമാണ് അഷ്ടമുടി . ദക്ഷണേന്ത്യയിലെ ഏക വീരഭദ്രസ്വാമി ക്ഷേത്രം അഷ്ടമുടിയിലാണ് സ്ഥിതിചെയ്യുന്നത് . മതസൗഹാര്‍ദ്ദത്തിന്റെ ഈ ക്ഷേത്രത്തില്‍ വിവിധ ജാതിമതസ്ഥരായ ജനങ്ങള്‍ സുപ്രധാനവും പുരാണപ്രസിദ്ധവുമായ ഉരുള്‍ വഴുപാടില് പങ്കെടുത്തു സായൂജ്യമടയുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നണയുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ വീരഭദ്രജപത്തോടെ ഒത്തുകൂടി ഈ ഉത്സവത്തെ ഒരു ദേശിയോത്സവമാക്കി മാറ്റുന്നു . ത്രിക്കരുവ ഭദ്രകാളി ക്ഷേത്രത്തിന്റെ ദര്‍ശനം വടക്കോട്ടും വീരഭദ്ര സ്വാമിക്ഷേത്രത്തിന്റെ ദര്‍ശനം തെക്കോട്ടുമാകയാല് ദേവനും ദേവിയും നേര്‍ക്കുനേര്‍ പ്രതിഷ്ഠിതമായിരിക്കുന്നു എന്ന ഒരു അപൂര്വ്വതയുമുണ്ടിവിടെ . കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹനുമാന് പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലാണ് സ്ഥിതിചെയ്യുന്നത് . സഞ്ജീവനിവാഹകനായ ഹനുമാനെ ശനിദോഷനിവാരണത്തിനും ആയൂരാരോഗ്യത്തിനും വേണ്ടി ഭക്തര്‍ ഭജിക്കുന്നു .
മറ്റ് പ്രത്യേകതകള്‍
സ്വയംഭൂവായ ശ്രീ വീരഭദ്രന്റെ അഷ്ടമുടിയിലെ ശ്രീകോവിലിന് മേല്‍ക്കൂരയില്ല എന്നത് ഈ മഹാക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് . ആകാശം മുട്ടെ വളര്ന്നുനില്ക്കുന്ന മൂര്ത്തിയായതിനാലാണ് മേല്‍ക്കൂര ഒഴുവാക്കിയിരിക്കുന്നത് . ഉത്സവത്തോട് അനുബന്ധിച്ച് വിശാലമായ ക്ഷേത്രപ്പറമ്പില്‍ വന്മ്പിച്ച കാര്‍ഷിക വ്യാപാരമേളയും നടക്കാറുണ്ട് . അന്നേ ദിവസം ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇവിടെ ലഭിക്കും . ഇത്രയേറെ കാര്ഷികഉപകരണങ്ങളുടെ വന്‍ശേഖരം മറ്റെങ്ങും കാണാറില്ല . കേരളത്തിലെ ഉത്സവത്തിന് ഏറ്റവും കൂടുതല്‍ കരിമ്പും കമ്പിളിനാരങ്ങയും വിപണനത്തിനെത്തുന്നത് അഷ്ടമുടിയിലെ ക്ഷേത്ര ഉത്സവത്തിനാണന്നത് ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് .
ഉത്സവം പ്രമാണിച്ച് സ്പെഷ്യല്‍ ബോട്ട് സര്‍വീസും ksrtc സര്‍വീസുകളും സ്വകാര്യ ബസ് സര്‍വീസുകളും അഷ്ടമുടിയില്‍ എത്തിച്ചേരുന്നുണ്ട് . കൊല്ലം നഗരസിരാകേന്ദ്രമായ ചിന്നക്കടയില്‍ നിന്നും തേവള്ളി – കടവൂര്‍, അഞ്ചാലുംമൂട് വഴി പതിനാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസിദ്ധമായ അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമിക്ഷേത്രത്തില്‍ എത്തിച്ചേരാം . തൃക്കരുവ കുറ്റഴികം ദേവസ്വം ഭരണയോഗമാണ് അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമിക്ഷേത്രത്തിന്റെയും തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെയും ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്നത്.